Tele-veterinary units will be set up in all districts - Minister

എല്ലാ ജില്ലകളിലും ടെലിവെറ്റിനറി യൂണിറ്റുകള്‍ സ്ഥാപിക്കും- മന്ത്രി

കേരളത്തിലെ എല്ലാ ജില്ലകളിലും ടെലിവെറ്റിനറി യുണിറ്റുകളും ബ്ലോക്കുകളില്‍ ആധുനിക സൗകര്യത്തോട് കൂടിയ വെറ്റിനറി ആംബുലന്‍സ് സംവിധാനവും ഒരുക്കുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. മാനന്തവാടിയില്‍ ജില്ലാ ക്ഷീരസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ സുരേഷ്‌കുമാര്‍ വി.പി ആമുഖ പ്രഭാഷണം നടത്തി. കര്‍ഷകര്‍ക്ക് വിനോദത്തിനും വിജ്ഞാനത്തിനുമായി സംഘടിപ്പിക്കുന്ന ക്ഷീര സംഗമത്തില്‍ ക്ഷീരമേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച തദ്ദേശസ്ഥാപനം, ക്ഷീരസംഘം, മികച്ചകര്‍ഷകന്‍, 15 വര്‍ഷം പൂര്‍ത്തീകരിച്ച സംഘം പ്രസിഡന്റുമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ചടങ്ങില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, വൈസ് പ്രസിഡണ്ട് എ.കെ. ജയഭാരതി, മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി, വൈസ് ചെയര്‍മാന്‍ പി.വി.എസ് മൂസ, നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ.സിന്ധു സെബാസ്റ്റ്യന്‍, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ്, കൗണ്‍സിലര്‍ വി.കെ സുലോചന, മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി, ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഉഷാദേവി, തുടങ്ങിയവര്‍ പങ്കെടുത്തു.

ക്ഷീരവികസനവകുപ്പും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളും സംയുക്തമായി നടത്തിയ സംഗമത്തിന് മാനന്തവാടി ക്ഷീരോല്പാദക സഹകരണ സംഘമാണ് ആതിഥേയം വഹിച്ചത്. ക്ഷീരസംഗമത്തിന്റെ ഭാഗമായി സെമിനാറുകള്‍, ശില്പ്പശാലകള്‍, കലാമത്സരങ്ങള്‍, പ്രദര്‍ശനവിപണനമേള തുടങ്ങിയവയും സംഘടിപ്പിച്ചിരുന്നു