Milma sets all-time record in milk sales this Onam

ഈ ഓണക്കാലത്ത് പാൽ വിൽപനയിൽ മിൽമ സര്‍വ്വകാല റെക്കോർഡിൽ

ഓണക്കാലത്തെ നാലു ദിവസത്തെ പാൽവിൽപ്പനയിൽ എക്കാലത്തെയും വലിയ നേട്ടമാണ് മിൽമ സ്വന്തമാക്കിയത്. സെപ്റ്റംബര്‍ 4 മുതല്‍ 7 വരെയുള്ള നാല് ദിവസങ്ങളിലായി തൊണ്ണൂറ്റിയഞ്ച് ലക്ഷത്തോളം (94,59,576 )ലിറ്റര്‍ പാക്കറ്റ് പാൽ വിറ്റു. ഓണക്കാല വില്‍പ്പനയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 11.12% വര്‍ധനവാണുള്ളത്. തിരുവോണ ദിവസം മാത്രം മുപ്പത്തിയഞ്ച് ലക്ഷത്തിലധിക (35,11,740) ലിറ്റര്‍ പാല്‍ വില്‍പ്പനയാണ് നടന്നത്. തൈര് വില്‍പ്പനയിലും മില്‍മ നേട്ടമുണ്ടാക്കി. സെപ്റ്റംബര്‍ 4 മുതല്‍ക്കുള്ള നാലു ദിവസങ്ങളിലായി പതിനൊന്നു ലക്ഷത്തിലധികം (11,30,545) കിലോ തൈരാണ് മില്‍മ വിറ്റത്. തിരുവോണത്തിന് മാത്രം മൂന്നേമൂക്കാൽ ലക്ഷം (3,45,386) കിലോ തൈര് വിറ്റു.8 ലക്ഷത്തോളം പാലട പായസം മിക്സ്, ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തി സപ്ലൈകോ വഴി 87 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് 50 മില്ലിലിറ്റര്‍ വീതം നെയ്യ്, കൂടാതെ കണ്‍സ്യൂമര്‍ ഫെഡ് വഴി മില്‍മ ഉത്പന്നങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയ ഒരു ലക്ഷം മില്‍മ കിറ്റ് വിതരണം ചെയ്യാനും സാധിച്ചു.
മിൽമയുടെ ഈ നേട്ടം ഉപഭോക്താക്കൾ മിൽമയിൽ അർപ്പിച്ച വിശ്വാസത്തിന്‍റെ പ്രതിഫലനമാണ്. പ്രതികൂലമായ നിരവധി പ്രതിസന്ധികളെ നേരിട്ട് ഈ നേട്ടം കൈവരിക്കാൻ കൂട്ടായ പരിശ്രമം മിൽമ ഭരണ സമിതി നടത്തി.