African swine fever compensation will be distributed soon

ആഫ്രിക്കൻ പന്നിപ്പനി നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യും

സംസ്ഥാനത്ത് വയനാട്, കണ്ണൂർ ജില്ലകളിൽ ആഫ്രിക്കൻ പന്നിപ്പനി രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ഉന്മൂലനം ചെയ്യേണ്ടി വന്ന പന്നിക്കർഷകർക്കുള്ള നഷ്ടപരിഹാരം ഈ മാസം തന്നെ നൽകുന്നതാണ്. രോഗപ്രതിരോധം, നഷ്ടപരിഹാരം എന്നീ ഇനങ്ങളിൽ ആവശ്യമായ തുക മൃഗസംരക്ഷണ വകുപ്പിന്റെ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ കോർപ്പസ് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. ഇതിനുള്ള സർക്കാർ ഉത്തരവായിട്ടുണ്ട് . കർഷകർക്ക് സംഭവിച്ച നഷ്ടം തിട്ടപ്പെടുത്തുവാൻ അതത് ജില്ലാ മൃഗസംരക്ഷണ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇന്ത്യയിലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും, ബീഹാറിലും ആഫ്രിക്കൻ പന്നിപ്പനി രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് സംസ്ഥാന സർക്കാർ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിരുന്നുവെങ്കിലും വയനാട് ജില്ലയിലെ മാനന്തവാടി, തവിഞ്ഞാൽ, നെന്മേനി എന്നിവിടങ്ങളിലും കണ്ണൂർ ജില്ലയിലെ കണിച്ചാർ പഞ്ചായത്തിലും രോഗബാധ സ്ഥിരീകരിക്കുകയുണ്ടായി.ഇതേത്തുടർന്ന് കേന്ദ്രസർക്കാരിന്റെ ആക്ഷൻ പ്ലാൻ പ്രകാരം രോഗപ്രഭവ കേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പന്നിഫാമുകളിലെ പന്നികളെ നശിപ്പിക്കേണ്ടതായി വന്നു .വയനാട് ജില്ലയിൽ 702 പന്നികളെയും, കണ്ണൂർ ജില്ലയിൽ 247 പന്നികളെയുമാണ് ഉന്മൂലനം ചെയ്തത് (Culling). കർഷകർക്കുള്ള നഷ്ടപരിഹാരത്തുക കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ചേർന്നാണ് വഹിക്കേണ്ടത്. എന്നിരുന്നാലും കേന്ദ്ര വിഹിതത്തിന് കാത്തുനിൽക്കാതെ മുഴുവൻ തുകയും കേരള സർക്കാർ ഉടൻ നൽകുകയും, കേന്ദ്രവിഹിതത്തിനായി ആവശ്യപ്പെടുന്നതുമാണ്. ഉടനെ തന്നെ രോഗബാധ സ്ഥിരീകരിച്ച ജില്ലകൾ സന്ദർശിച്ച് പന്നികളെ നഷ്ടപ്പെട്ട കർഷകർക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്യും.