കഥ പറയുന്ന ഗാലറി കാലത്തിൻ്റെ നേർരേഖകൾ
– മന്ത്രി ജെ.ചിഞ്ചുറാണി
കാഴ്ചയും നിറങ്ങളുമായി ഏങ്ക്ള എക്സിബിഷൻ
ആർട്ട് ഗാലറിയിലെ കഥ പറയുന്ന ചിത്രങ്ങൾ കാലത്തിൻ്റെ നേർരേഖകളാണെന്ന് ക്ഷീര വികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. മാനന്തവാടി ലളിത കലാ അക്കാദമി ആർട്ട് ഗാലറിയിൽ ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന എങ്ക്ള എക്സിബിഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ഗോത്ര ജീവിതങ്ങളെല്ലാം അടിമുടി മാറുകയാണ്. മാറുന്ന ജീവിത ക്രമത്തിലെ ഏടുകളെല്ലാം എങ്ക്ള ഓർമ്മപ്പെടുത്തുന്നു. ഇവയെല്ലാം നാളെയുടെ അടയാളങ്ങളണ്. കലയുടെ അതിജീവനം നാളെയുടെ ചരിത്രവുമാണെന്ന് മന്ത്രി പറഞ്ഞു.
ഗോത്ര വയനാടിൻ്റെ തനത് ജീവിത പെരുമകളുമായി എങ്ക്ള എക്സിബിഷൻ മാനന്തവാടി ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ മാർച്ച് 12 വരെ നടക്കും. ഫോട്ടോ- പെയിൻ്റിങ്ങ് എക്സിബിഷനിൽ ജില്ലയിലെ മാധ്യമ പ്രവർത്തകരുടെ മുപ്പതോളം ചിത്രങ്ങളും തിരഞ്ഞെടുക്കപ്പെട്ട പെയിൻ്റിങ്ങുകളുമാണ് പ്രദർശിപ്പിക്കുന്നത്.
വയനാടിൻ്റെ വിവിധ കോണുകളിൽ നിന്നും പലപ്പേഴായി പകർത്തിയ ജീവനുള്ള കാഴ്ചകൾ. ഗോത്ര ജീവിതത്തിൻ്റെ ഉള്ളറകളിൽ നിന്നും ക്യാൻവാസിലേക്ക് പകർന്ന നിറങ്ങൾ. ഇതെല്ലാം ചേർന്നതാണ് എങ്ക്ള. കെ.പി. ദീപ, പ്രസീത ബിജു, എം.ആർ.രമേഷ് , രാജേഷ് അഞ്ചലൻ എന്നിവരുടെ പെയിന്റിങ്ങുകളാണ് ഫോട്ടോകൾക്കൊപ്പം എക്സിക്സിബിഷനിലുള്ളത്. കാലത്തിനൊപ്പം സഞ്ചരിക്കുന്ന ചിത്രങ്ങളുടെ നിരകൾ ഗോത്ര വയനാടിൻ്റെ തനത് ജീവിത ക്രമങ്ങളെയും അടയാളപ്പെടുത്തുന്നു. രാവിലെ 10 മുതൽ വൈകീട്ട് ആറു വരെയാണ് പ്രദർശനം.
ഉദ്ഘാടന ചടങ്ങിൽ ഒ.ആര് കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ സി.കെ രത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ്, അസി. ഇൻഫർമേഷൻ ഓഫീസർ ജിനീഷ് ഇ.പി, വയനാട് പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ. സജീവന്, ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.സുധീർ, വിജയൻ ചെറുകര, ചിത്രകാരന ജോസഫ് എം വർഗീസ്, സി.ഡി.സരസ്വതി തുടങ്ങിയവര്‍ പങ്കെടുത്തു.