A review meeting was held at the Kollam Collectorate due to heavy rains

കൊല്ലം കളക്ടറേറ്റിൽ ഇന്ന് മഴക്കെടുതി അവലോകനയോഗം ചേർന്നു.

ബഹു ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍, ജില്ലാ കലക്ടർ അഫ്സാന പർവീൺ എന്നിവർ പങ്കെടുത്തു.വെളളം കയറി താറുമാറായ റോഡുകള്‍ നന്നാക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി എടുക്കാൻ നിർദേശം നൽകി. കടല്‍ത്തീരം കേന്ദ്രീകരിച്ച് സുരക്ഷ, പുരനധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക സംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചു. കിഴക്കന്‍ മേഖലയിലും മറ്റ് ദുരിതബാധിത പ്രദേശങ്ങളിലും ആവശ്യാനുസരണം ക്യാമ്പുകള്‍ തുറന്നു കൊണ്ടിരിക്കുന്ന വിവരം കളക്ടർ അറിയിച്ചു. തെന്മല അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിന് അനുസൃതമായി സാവധാനത്തിലാണ് ഷട്ടറുകള്‍ തുറക്കുന്നത്. ഇതുവഴി നദീതീരത്തും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കം ഉണ്ടാകുന്നത് പരമാവധി നിയന്ത്രിക്കാനായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അച്ചന്‍കോവിലാറിന്റെ കരയില്‍ ഒറ്റപ്പെട്ട 60 കുടുംബങ്ങള്‍ക്ക് ഭക്ഷണം എത്തിച്ചു നൽകുന്നുണ്ട്. ഇവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് സംവിധാനം ഒരുക്കി.

വിവിധ മേഖലകളിലായി ഇടയ്ക്ക് മുറിഞ്ഞ വൈദ്യുതിബന്ധം തിരികെ നല്‍കുകയാണ്. മേഖലയുമായി ബന്ധപ്പെട്ട് ഒരു ദിവസം കൊണ്ടു ലഭിച്ച 1600 ലേറെ പരാതികളില്‍ 90 ശതമാനവും പരിഹരിച്ചതായി KSEB ഉദ്യോഗസ്ഥർ അറിയിച്ചു. ആയൂര്‍-അഞ്ചല്‍ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെങ്കോട്ട-കൊല്ലം ഹൈവേയില്‍ മണ്ണിടിച്ചില്‍ സാധ്യത മുന്നില്‍ക്കണ്ട് മുന്‍കരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട് . നിലവിലെ സ്ഥിതി ആശ്വാസകരമാണെങ്കിലും മഴ തുടരുമെന്ന പ്രവചനം മുന്‍നിറുത്തി ദീര്‍ഘ-ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്.

അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിന് രണ്ടു ദിവസത്തേക്ക് നിരോധനം ഏര്‍പ്പെടുത്താൻ തീരുമാനിച്ചു. സ്ഥിതി മെച്ചപ്പെടുന്നതിന് അനുസൃതമായി വീണ്ടും അനുമതി നല്‍കും. മഴക്കെടുതിയില്‍ കേടുപാട് വന്ന വീടുകളുടെ വിവരം ശേഖരിച്ച് നഷ്ടപരിഹാരം നല്‍കും. വെള്ളക്കെട്ട് സ്ഥിരമായുണ്ടാകുന്ന മേഖലകളില്‍ സംരക്ഷണഭിത്തി നിര്‍മിക്കും. കല്ലട ആറിന്റെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തീരവാസികളെ സുരക്ഷിതരാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് മാനദണ്ഡപാലനം ഉറപ്പാക്കിയാണ് ദുരിതാശ്വാസ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം. കോവിഡ് പരിശോധനയും മുടക്കമില്ലാതെ നടത്തുകയാണ്. ആവശ്യത്തിന് മരുന്നും വിദഗ്ധരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.