തിരുവനന്തപുരം മൃഗശാലാ ഓഫീസ്-സ്റ്റോര്‍ സമുച്ചയം, ശലഭോദ്യാനം, വിദേശപക്ഷികളുടെ പരിബന്ധനം, മൊബൈല്‍ ആപ്പ് എന്നിവയുടെ ഉദ്ഘാടനം (08.09.2021) ന് മ്യൂസിയം ഓഡിറ്റോറിയത്തില്‍ വച്ച് ബഹു. വട്ടിയൂര്‍ക്കാവ് എം.എല്‍.എ അഡ്വ. വി.കെ പ്രശാന്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബഹു. മൃഗസംരക്ഷണം, ക്ഷീരവികസനം, മൃഗശാലാ വകുപ്പ് മന്ത്രി ശ്രീമതി ജെ. ചിഞ്ചുറാണി നിര്‍വ്വഹിച്ചു. മൃഗശാലാ -മ്യൂസിയവുമായി ബന്ധപ്പെട്ട് അടുത്തകാലത്ത് നിരവധി പദ്ധതികള്‍ ആരംഭിച്ച ഉദ്യോഗസ്ഥരേയും ഇതിന് നേതൃത്വം വഹിക്കുന്ന ബഹു. മന്ത്രിയേയും അദ്ധ്യക്ഷന്‍ അഭിനന്ദിച്ചു.
ഉദ്ഘാടന പ്രസംഗത്തില്‍ സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുവാന്‍ കഴിഞ്ഞതിലുളള സന്തോഷം രേഖപ്പെടുത്തി. ഉദ്യോഗസ്ഥര്‍ക്കും തൊഴിലാളികള്‍ക്കും പ്രത്യേകിച്ച് വനിതകള്‍ക്ക് സൗകര്യപ്രദമായി ചുറ്റുപാടില്‍ ജോലി ചെയ്യുവാന്‍ ഓഫീസ് സ്റ്റോര്‍ സമുച്ചയം സഹായിക്കും. ചിത്രശലഭ പാര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഗുണകരമാകുമെന്നും മൊബൈല്‍ ആപ്പ് ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ മൃഗശാല നേരിട്ട് സന്ദര്‍ശിക്കുവാന്‍ സാധിക്കാത്തവര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്കുവാന് സഹായിക്കുമെന്നും ബഹു. മന്ത്രി അഭിപ്രായപ്പെട്ടു. മൃഗശാലയില്‍ ഇപ്പോഴില്ലാത്ത പക്ഷി-മൃഗാദികളെ മറ്റ് മൃഗശാലകളില്‍ നിന്നും കൈമാറ്റത്തിലൂടെ എത്തിക്കുവാന്‍ ആലോചിച്ചു വരികയാണെന്നും ബഹു. മന്ത്രി അറിയിച്ചു. മൃഗശാലയില്‍ മാതൃകാ പ്രവര്‍ത്തനം കാഴ്ചവച്ച തൊഴിലാളികളെയും ഉദ്ദ്യോഗസ്ഥരെയും ഷീല്‍ഡ് നല്കി ആദരിച്ചു. ചടങ്ങില്‍ മ്യൂസിയം മൃഗശാലാ വകുപ്പ് ഡയറക്ടര്‍ സ്വാഗതവും നന്തന്‍കോട് വാര്‍ഡ് കൗണ്‍സിലര്‍ ഡോ. കെ.എസ്.റീന, ഡബ്ലൂ ഡബ്ല്യൂ എഫ് സ്റ്റേറ്റ് ഡയറക്ടര്‍ ശ്രീ. രഞ്ചന്‍ മാത്യു വര്‍ഗീസ്, റിസര്‍ച്ച് അസോസിയേറ്റ് ഠചഒട ഡോ. കലേഷ് സദാശിവന്, വൈല്‍ഡ് ലൈഫ് ഫോട്ടോ ഗ്രാഫര്‍, ഫിലിം മേക്കര്‍ ശ്രീ. സുരേഷ് ഇളമണ്‍ എന്നിവര്‍ ആശംസയും മൃഗശാലാ സൂപ്രണ്ട് ശ്രീ. റ്റി. വി അനില്‍കുമാര്‍ കൃതജ്ഞതയും പറഞ്ഞു.