പഠനം കഴിഞ്ഞിറങ്ങുന്ന മൃഗ ഡോക്ടര്‍മാരുടെ നിയമനത്തിനായി പുതിയ പദ്ധതി പരിഗണനയില്‍ – മന്ത്രി ജെ.ചിഞ്ചുറാണി
***സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലിന് നവീകരിച്ച വെബ് സൈറ്റ്
പുതുതായി പഠനം പൂര്‍ത്തിയാക്കുന്ന മൃഗഡോക്ടര്‍മാരുടെ നിയമനം ഉറപ്പാക്കുന്നതിനുളള ബൃഹത് പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മൃഗ സംരക്ഷണ – ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. നിലവില്‍, പഠനം പൂര്‍ത്തിയാക്കുന്ന ഡോക്ടര്‍മാര്‍ക്കെല്ലാം സര്‍ക്കാരില്‍ നിയമനം നല്‍കുക എന്നത് പ്രായോഗികമല്ല. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ മുന്‍നിര്‍ത്തി പരമാവധി ഡോക്ടര്‍മാരുടെ സേവനം ക്ഷീരകര്‍ഷകര്‍ക്ക് ഉറപ്പാക്കുന്ന രീതിയിലുളള പദ്ധതിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും മന്ത്രി. സംസ്ഥാന വെറ്ററിനറി കൗണ്‍സിലിന്റെ നവീകരിച്ച വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും പുതുതായി കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ ഡോക്ടര്‍മാര്‍ക്കുളള സര്‍ട്ടിഫിക്കറ്റ് വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മൃഗാശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് നിലവില്‍ ജോലി ഭാരം കൂടുതലാണ്. പുറമേ മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്തുകള്‍ നടപ്പിലാക്കുന്ന നിരവധിപദ്ധതികളും ഡോക്ടര്‍മാര്‍ നിര്‍വഹിക്കേണ്ടതുണ്ട്. ഈ സാഹചര്യം കൂടി പരിഗണിച്ചു കൊണ്ടാവും പുതിയ പദ്ധതി തയ്യാറാക്കുന്നതെന്നും മന്ത്രി പറഞ്ഞു. കര്‍ഷകരും മൃഗഡോക്ടര്‍മാരും തമ്മില്‍ മികച്ച ബന്ധം കാത്തു സൂക്ഷിക്കണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
പേരൂര്‍ക്കടയിലുളള സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ.വി.എം.ഹാരിസ് അധ്യക്ഷനായി. കൗണ്‍സില്‍ സബ് കമ്മിറ്റി ചെയര്‍മാന്‍ ഡോ.ബിനു പ്രശാന്ത്, കെ.എല്‍.ഡി ബോര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ.ജെയിംസ് ജോസ്, കെ.എസ്.പി.ഡി.സി മാനേജിംഗ് ഡയറക്ടര്‍ ഡോ.വിനോദ് ജോണ്‍, എം.പി.ഐ മാനേജിംഗ് ഡയറക്ടര്‍ ഡോ.ബിജുലാല്‍ തുടങ്ങിയവരും പങ്കെടുത്തു.