കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് പഞ്ചായത്തിൽ ഭിന്നശേഷിക്കാരനായ കുട്ടി തെരുവുനായയുടെ കടിയേറ്റ് മരണപ്പെട്ടു എന്ന പത്രവാർത്ത സംബന്ധിച്ച റിപ്പോർട്ട് .
2017 മുതൽ കണ്ണൂരിൽ എബിസി പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. 2017 മുതൽ 2021 വരെ പാപ്പിനിശ്ശേരി മൃഗാശുപത്രിയോട് ചേർന്നും തലശ്ശേരി മുൻസിപ്പാലിറ്റിയിലെ കൊപ്പാലം വെറ്ററിനറി ഡിസ്പെൻസറിയോട് ചേർന്നുമാണ് താത്കാലിക എബിസി കേന്ദ്രം പ്രവർത്തിച്ചിരുന്നത്. നിലവിൽ ഈ രണ്ടു കേന്ദ്രങ്ങളും പൊതുജനങ്ങളുടെ എതിർപ്പ് കാരണം പ്രവർത്തിയ്ക്കുന്നില്ല. 2017 മുതൽ 2021 വരെ 8114 നായകളെ ഈ രണ്ട് കേന്ദ്രങ്ങളിലായി വന്ധ്യംകരിച്ചു.
15.10.2022 ന് പടിയൂരിൽ എബിസി കേന്ദ്രം പ്രവർത്തിച്ചു തുടങ്ങി.ഈ കേന്ദ്രത്തിൽ 10.06.2023 വരെ 1094 നായകളെ വന്ധ്യംകരിച്ചു. 2022-23 വർഷം കണ്ണൂർ ജില്ലയിൽ 57 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ എബിസിയ്ക്ക് തുക വകയിരുത്തിയിട്ടുണ്ട്. പടിയൂർ എബിസി കേന്ദ്രത്തിൽ നിലവിലുളള 50 കൂടുകൾ 100 ആയി വർദ്ധിപ്പിയ്ക്കുന്നതിനും മറ്റു നിർമ്മാണ പ്രവർത്തികൾക്കുമായി 40 ലക്ഷം രുപ കണ്ണൂർ ജില്ലാ പഞ്ചായത്ത് ഈ വർഷം വകയിരുത്തിയിട്ടുണ്ട്. കൂടുകൾ സജ്ജമാകുന്ന മുറയ്ക്ക് കൂടുതൽ ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും നിയമിച്ച് എബിസി ചെയ്യുന്ന നായകളുടെ എണ്ണം വർദ്ധിപ്പിയ്ക്കുാൻ കഴിയും.
തെരുവുനായയുടെ കടിയേറ്റ് കുട്ടി മരിക്കാനിടയായ മുഴപ്പിലങ്ങാട് പഞ്ചായത്തിൽ 2023-24 സാമ്പത്തിക വർഷത്തിൽ ഒന്നര ലക്ഷം രുപ എബിസി പദ്ധതിക്കായി നീക്കി വച്ചിട്ടുണ്ട്.
2019ലെ സെൻസസ് പ്രകാരം കണ്ണൂർ ജില്ലയിൽ 48055 വളർത്ത് നായകളും 23666തെരുവ് നായകളുമുണ്ട്. 2022-23 വർഷം 25652 വളർത്ത് നായകൾക്ക് കണ്ണൂർ ജില്ലയിൽ പേവിഷപ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്. 2023-24 വർഷം ഏപ്രിൽ മെയ് മാസങ്ങളിലായി കണ്ണൂർ ജില്ലയിൽ 3523 വളർത്ത് നായകൾക്കും 75 തെരുവ് നായകൾക്കും പേവിഷപ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്. തെരുവ് നായ ആക്രമണത്തിൽ കുട്ടി മരിക്കാനിടയായ മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്തിൽ 202 വളർത്ത് നായകളും, 132 തെരുവുനായകളുമടക്കം ആകെ 334 നായകളുണ്ട്. 2022-23 വർഷം 214 വളർത്ത് നായകൾക്കും, 2023-24വർഷം നാളിതുവരെ 11 വളർത്ത് നായകൾക്കും, പേവിഷപ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്.
സംസ്ഥാനതലത്തിൽ സ്വീകരിച്ച നടപടികൾ- പേവിഷപ്രതിരോധ കുത്തിവയ്പ്പ്.
നിലവിൽ സംസ്ഥാനത്ത് 2.89ലക്ഷം തെരുവുനായകളും 8.3ലക്ഷം വളർത്ത്നായകളുമാണുള്ളത്. പേവിഷപ്രതിരോധ നിയന്ത്രണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 2022 സെപ്റ്റംബർ മുതൽ മൃഗസംരക്ഷണവകുപ്പ് സമഗ്ര പരിപാടികൾ ഈ രംഗത്ത് നടപ്പിലാക്കിവരുന്നു. 01.09.2022 മുതൽ 11.06.2023 വരെ 4.38ലക്ഷം വളർത്ത്നായകൾക്കും 32061 തെരുവുനായകൾക്കും പേവിഷപ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഇത് ആദ്യമായിട്ടാണ് തെരുവ് നായകൾക്ക് പേവിഷപ്രതിരോധ കുത്തിവയ്പ് നൽകുന്നത്. 426 ഡോഗ് ക്യാച്ചർമാരെ കണ്ടെത്തി അവർക്ക് പരിശീലനവും പ്രതിരോധകുത്തിവയ്പ്പും നൽകിയാണ് അവരെ ഈ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിയുടെ ഭാഗമായാണ് തെരുവ് നായകളുടെ പേവിഷപ്രതിരോധ കുത്തിവയ്പ് നൽകിവരുന്നത്. വളർത്തുനായകൾക്കുവേണ്ടിയുള്ള പേവിഷപ്രതിരോധ കുത്തിവയ്പ് ‘റാബീസ് ഫ്രീ കേരള’ എന്ന പദ്ധതിയുടെ ഭാഗമായാണ് നടപ്പിലാക്കുന്നത്. നായകളിലെ പേ വിഷപ്രതിരോധ കുത്തിവയ്പ്പിനു വേണ്ട വാക്സിൻ, മൃഗസംരക്ഷണവകുപ്പിന്റെ കീഴിലുള്ള എല്ലാ മൃഗാശുപത്രികളിലും ലഭ്യമാക്കിയിട്ടുണ്ട്. നിലവിൽ വാക്സിന് ദൗർലഭ്യം നേരിടുന്നില്ല.
എ ബി സി പദ്ധതി
നിലവിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും, മൃഗസംരക്ഷണ വകുപ്പും സംയുക്തമായാണ് സംസ്ഥാനത്ത് എ ബി സി പദ്ധതി നടപ്പാക്കുന്നത്. 2017മുതൽ 2021 വരെ കുടുംബശ്രീ മുഖാന്തിരമാണ് എ ബി സി പദ്ധതി നടപ്പിലാക്കിയിരുന്നത്. കുടുംബശ്രീ മുഖാന്തിരം ടി കാലയളവിൽ 79426 തെരുവ് നായകളെ വന്ധീകരിച്ചിട്ടുണ്ട്. കുടുംബശ്രീക്ക് അംഗീകാരം നഷ്ടപ്പെട്ടതിനെ തുടർന്ന് മൃഗസംരക്ഷണ വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും,ചേർന്ന് എ ബി സി പദ്ധതി നടപ്പിലാക്കിവരുന്നു. നിലവിൽ സംസ്ഥാനത്ത് 20 എ ബി സി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 10 പുതിയ കേന്ദ്രങ്ങളുടെ നിർമ്മാണപ്രവർത്തനങ്ങൾ നടന്നുവരുന്നു. ഇത് കൂടാതെ 14പുതിയ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചുവരുന്നു. പൊതുജനങ്ങളിൽനിന്നുള്ള എതിർപ്പ് കാരണം പല ജില്ലകളിലും പുതിയ കേന്ദ്രങ്ങൾ ആരംഭിക്കാൻ കഴിയുന്നില്ല. നിലവിൽ 432 തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ 10.36കോടി രൂപ ഈ പദ്ധതിക്കുവേണ്ടി മാറ്റിവച്ചിട്ടുണ്ട്. 01.04.2022 മുതൽ 31.05.2023 വരെ 17987തെരുവ് നായകളെ വന്ധീകരിച്ചിട്ടുണ്ട്.
2022ൽ ഭേദഗതി ചെയ്ത എ ബി സി റൂൾ കേന്ദ്ര സർക്കാർ പുറത്തിറക്കുകയുണ്ടായി. ആയതുപ്രകാരം ഒരു എ ബി സി കേന്ദ്രം പ്രവർത്തിക്കണമെങ്കിൽ ഇൻസിറനേറ്റർ, സി സി ടി വി എന്നിവയടക്കമുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുണ്ടായിരിക്കണം. എബിസി ചെയ്യുന്നതിനായി നിയോഗിക്കപ്പെടുന്ന ഡോക്ടർ 5000 എബിസി സർജറികൾ ചെയ്തിട്ടുള്ള ആൾ ആയിരിക്കണം. കൂടാതെ പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ് ഇതിനായി തയ്യാറാക്കുന്ന പ്രോജക്ടുകൾ കേന്ദ്രസർക്കാറിന്റെ കീഴിലുള്ള പ്രോജക്ട് റെക്കഗ്നിഷൻ കമ്മിറ്റി പരിശോധിച്ചു അംഗീകരിച്ചിരിക്കണം. ഈ നിബന്ധനകൾ കൂടി പാലിച്ചുകൊണ്ട് മാത്രമേ തുടർന്ന് എബിസി പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കാൻ കഴിയൂ.
2023 ലെ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച എബിസി റൂൾ പ്രകാരം എബിസി കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കുന്നത് സംബന്ധിച്ച് അടിയന്തര നടപടികൾ കൈക്കൊള്ളുന്നതിനായി സ്റ്റേറ്റ് അനിമൽ വെൽഫെയർ ബോർഡ് യോഗം ഉടനടി വിളിച്ചു കൂട്ടും.