സംസ്ഥാന മൃഗക്ഷേമ ബോർഡിന്റെ ആദ്യ യോഗം ചേർന്നു
സംസ്ഥാന ജന്തു ക്ഷേമ ബോർഡ് യോഗം ബഹു.മൃഗസംരക്ഷണ ക്ഷീരവികന വകുപ്പ് മന്ത്രിയും മൃഗക്ഷേമ ബോർഡ് ചെയർപേഴ്‌സണുമായ ശ്രീമതി ജെ ചിഞ്ചുറാണിയുടെ അധ്യക്ഷതയിൽ കൂടി. തെരുവ് നായ വിഷയം, അനിമൽ ഷെൽട്ടർ, സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ABC പ്രവർത്തനം, മൃഗ ക്ഷേമ ബോർഡിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
തീരുമാനങ്ങൾ
മൃഗങ്ങളോടുള്ള ക്രൂരതക്കെതിരെയുള്ള പരാതി, പെറ്റ് ഷോപ് രജിസ്ട്രേഷൻ, ബ്രീഡർ രജിസ്‌ട്രേഷൻ എന്നിവക വേണ്ടിയുള്ള അപേക്ഷകൾ എന്നിവ ലഭിക്കുന്ന മുറക്ക് അവ ജില്ലകളിലെ ചീഫ് വെറ്റിനറി ഓഫീസർക്ക് അയച്ചു കൊടുക്കുകയും ചീഫ് വെറ്റിനറി ഓഫീസർ ഈ പരാതികൾ /അപേക്ഷകൾ അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസർ/സീനിയർ വെറ്റനറി സർജൻ/വെറ്റിനറി സർജൻ എന്നിവർ വഴി അന്വേഷണം നടത്തി ജില്ലാതലത്തിൽ നടപടി സ്വീകരിച്ച് സ്റ്റേറ്റ് ബോർഡിനെ അറിയിക്കേണ്ടതുമാണ്. ജില്ലാതലത്തിൽ നടപടി സ്വീകരിക്കാൻ കഴിയാത്തവ, വ്യക്തമായ ശുപാർശയോടുകൂടി സ്റ്റേറ്റ് ബോർഡിന് അയക്കുകയും ഇത് മെമ്പർ സെക്രട്ടറി വഴി നടപടി സ്വീകരിക്കുവാനും തീരുമാനിച്ചു.
പെറ്റ് ഷോപ്പ് / ബ്രീഡിംഗ് ആപ്ലിക്കേഷനുകളും, പൊതുജനങ്ങൾക്കുള്ള നോട്ടീസും, വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച നടപടിയും ടി ആവശ്യത്തിലേക്കായി കേരള ഗ്രാമീണ ബാങ്ക്, തിരുവനന്തപുരം മെയിൻ ശാഖയിൽ അക്കൗണ്ട് ഓപ്പൺ ചെയ്ത നടപടിയും ബോർഡിൽ വച്ച് അംഗീകരിച്ചു.
ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടത്തുന്നതിനുള്ള അധികാരം മെമ്പർ സെക്രട്ടറിയിൽ നിക്ഷിപ്തമാക്കി.
നിലവിൽ മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാർക്ക് അധിക ചുമതല നൽകി കൊണ്ട് ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനു വകുപ്പദ്ധ്യക്ഷനോട് ശുപാർശ ചെയ്തു .
ബോർഡിന്റെ പ്രവർത്തനം സ്റ്റാറ്റ്യുട്ടറി ആകുന്ന സമയത്തു ജീവനക്കാരെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് തീരുമാനിച്ചു. .
ബോർഡ് നിശ്ചയിക്കുന്ന ചുമതലകൾ വഹിക്കുന്നതിനു വേണ്ടിയും ബോർഡ് യോഗങ്ങൾക്കു വേണ്ടിയും അംഗങ്ങൾ ചെയ്യുന്ന യാത്രകൾക്ക് (സംസ്ഥാന സർക്കാരിന്റെ ക്ലാസ് 1 ഓഫീസർ അല്ലെങ്കിൽ കേന്ദ്ര സർക്കാരിന്റെ ഗ്രൂപ്പ് എ ലെവൽ 10 & മുകളിലുള്ള നിരക്കിൽ) യാത്രാബത്ത അനുവദിക്കുന്നതിന് തീരുമാനിച്ചു.
നിലവിലെ ബോർഡ് അംഗങ്ങൾക്ക് ജില്ലകളുടെ ചുമതല നൽകി.
പുതിയ ബോർഡ് മെമ്പർമാർക്കുള്ള ഐ ഡി കാർഡ് വിതരണം ചെയ്യുന്നതിന് തീരുമാനിച്ചു.
മൃഗസംരക്ഷണ വകുപ്പ് ഉടനെ നടപ്പിലാക്കുവാൻ പോകുന്ന 7 പോർട്ടബിൾ ABC ക്കു പുറമെ സംസ്ഥാനത്തെ എബിസി യൂണിറ്റ് നിലവിലില്ലാത്ത എല്ലാ ബ്ലോക്കുകളിലും പോർട്ടബിൾ ABC യൂണിറ്റുകൾ സ്ഥാപിക്കുന്നതിനായി തദ്ദേശ്ശ സ്വയംഭരണ വകുപ്പിനോട് ശുപാർശ ചെയ്യുവാൻ തീരുമാനിച്ചു.
15.09.2022 ലെ 2244/2022/ത.സ്വ.ഭ.വ ഉത്തരവു പ്രകാരം എല്ലാ ജില്ലകളിലും രൂപീകരിക്കപ്പെട്ടിട്ടുള്ള എബിസി ജില്ലാതല ഓർഗനൈസിങ് സമിതി അടിയന്തിരമായി മീറ്റിംഗ് കൂടി കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനു തദ്ദേശ്ശ സ്വയം ഭരണ വകുപ്പിനോട് ശുപാർശ ചെയ്യുവാൻ തീരുമാനിച്ചു.
എ ബി സി സെന്ററുകൾക്ക് പൊതുജനങ്ങളിൽ നിന്നു എതിർപ്പ് ഉണ്ടാകുന്ന സ്ഥലങ്ങളിൽ ജനകീയ സമിതികൾ എത്രയും പെട്ടെന്ന് രൂപീകരിക്കുന്നതിനു തദ്ദേശ്ശ സ്വയംഭരണ വകുപ്പിനോട് ശുപാർശ ചെയ്യുവാൻ തീരുമാനിച്ചു.
ഡോഗ് ക്യാച്ചർ മേഖലയിലേക്ക് വരാൻ സന്നദ്ധത പ്രകടിപ്പിക്കുന്നവർക്ക് മൃഗസംരക്ഷണ വകുപ്പിന്റെ പരിശീലന കേന്ദ്രവുമായി ബന്ധപ്പെട്ട് ആവശ്യമായ പരിശീലനം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാൻ തദ്ദേശ്ശ സ്വയംഭരണ വകുപ്പിനോട് ശുപാർശ ചെയ്യുവാൻ തീരുമാനിച്ചു.
CSR ഫണ്ട് ഉപയോഗിച്ച് എബിസി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുവാനായി തദ്ദേശ്ശ സ്വയംഭരണ വകുപ്പിനോട് ശുപാർശ ചെയ്യുവാൻ തീരുമാനിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 2019 ലെ ലൈവ് സ്റ്റോക്ക് സെൻസസ് പ്രകാരം ഓരോ പഞ്ചായത്തിലെയും തെരുവ് നായ്ക്കളുടെ എണ്ണമനുസരിച്ച് തെരുവ് നായ്ക്കളുടെ വാക്സിനേഷൻ, എ ബി സി പദ്ധതി എന്നിവയ്ക്ക് നിർബന്ധിത പ്രോജക്ട് ആയി ഫണ്ട് വകയിരുത്തുന്നതിനു തദ്ദേശ്ശ സ്വയംഭരണ വകുപ്പിനോട് ശുപാർശ ചെയ്യുവാൻ തീരുമാനിച്ചു.
വളർത്തു നായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്നത് തടയുന്നതിന് വേണ്ടി നിലവിലുള്ള പഞ്ചായത്ത് രാജ്/ നഗരപാലിക നിയമങ്ങൾ കർശനമാക്കുന്നതുൾപ്പെടെ ഭേദഗതിയും ചെയ്യേണ്ടതുണ്ട്. ഈ ഭേദഗതിയ്ക്ക് ആവശ്യമായ പ്രപ്പോസൽ തദ്ദേശ്ശ സ്വയംഭരണ വകുപ്പും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി തയ്യാറാക്കി സർക്കാരിലേക്ക് സമർപ്പിക്കും.
എല്ലാ വളർത്തു നായകൾക്കും നിർബന്ധിത ലൈസൻസ് നൽകുന്നതിനു തദ്ദേശ്ശ സ്വയം ഭരണ വകുപ്പിനോട് ശുപാർശ ചെയ്യുവാൻ തീരുമാനിച്ചു.
ലൈസൻസ് പ്രകിയ ലളിതമാക്കുന്നതിന് K-SMART ന്റെ സേവനം പ്രയോജനപ്പെടുത്തുന്നതിനു തദ്ദേശ്ശ സ്വയംഭരണ വകുപ്പിനോട് ശുപാർശ ചെയ്യുവാൻ തീരുമാനിച്ചു.
വളർത്തു നായകളിൽ വാക്സിനേഷൻ ചെയ്തിട്ടുണ്ട് എന്നുറപ്പ് വരുത്തുന്നതിനുള്ള മൈക്രോചിപ്പ് ഘടിപ്പിക്കുന്ന നടപടികൾക്കായി തദ്ദേശ്ശ സ്വയംഭരണ വകുപ്പിനോട് ശുപാർശ ചെയ്യുവാൻ തീരുമാനിച്ചു.
വളർത്തു നായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്നത് തടയുന്നതിന് വേണ്ടി നിലവിലുള്ള പഞ്ചായത്ത് രാജ്/ നഗരപാലിക നിയമങ്ങൾ കർശനമാക്കുന്നതിനും ഭേദഗതി ചെയ്യുന്നതിനും വേണ്ടി നടപടികൾ സ്വീകരിക്കുവാൻ തദ്ദേശ്ശ സ്വയംഭരണ വകുപ്പിനോട് ശുപാർശ ചെയ്യുവാൻ തീരുമാനിച്ചു.
നിലവിലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തെരുവ് നായകളെ പിടികൂടി വന്ധീകരിച്ചു വാക്സിനേഷൻ നൽകി ഷെൽട്ടറുകളിലേയ്ക്ക് മാറ്റുന്നതിനു( AWBI യുടെ 27/11/2025 ലെ ഷെൽട്ടറുകൾ തുടങ്ങുവാനുള്ള SOP പ്രകാരം) തദ്ദേശ്ശ സ്വയം ഭരണ വകുപ്പിനോട് ശുപാർശ ചെയ്യുവാൻ തീരുമാനിച്ചു.
രോഗം ബാധിച്ചതോ ആക്രമണകാരികളോ ആയ നായ്ക്കളെ ഷെൽട്ടറിലേക്ക് മാറ്റി പാർപ്പിക്കാനുള്ള ഐസൊലേഷൻ കെന്നലുകൾ എല്ലാ പഞ്ചായത്തിലും സ്ഥാപിക്കുന്നതിനു തദ്ദേശ്ശ സ്വയംഭരണ വകുപ്പിനോട് ശുപാർശ ചെയ്യുവാൻ തീരുമാനിച്ചു.
നിലവിലുള്ള ഷെൽട്ടറുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ഷെൽട്ടറുകൾ നടത്തുന്ന വ്യക്തികളുടെ/സംഘടനകളുടെ മീറ്റിംഗ് വിളിച്ചു കൂട്ടുന്നതിനു തദ്ദേശ്ശ മൃഗസംരക്ഷണ വകുപ്പിനോട് അഭ്യർത്ഥിക്കുവാൻ തീരുമാനിച്ചു.
പുതുതായി ഷെൽട്ടർ തുടങ്ങുവാൻ താൽപ്പര്യമുള്ള വ്യക്തികളെ/സംഘടനകളെ പങ്കെടുപ്പിച്ച് ജില്ലാതലത്തിൽ മീറ്റിംഗ് വിളിച്ചു കൂട്ടുന്നതിനു മൃഗസംരക്ഷണ വകുപ്പിനോട് ശുപാർശ ചെയ്യുവാൻ തീരുമാനിച്ചു.
ബഹു സുപ്രീം കോടതി നിർദ്ദേശപ്രകാരം തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിൽ, ജില്ലാതലത്തിൽ Shelter Management Committee രൂപീകരിക്കുന്നതിനു നടപടി സ്വീകരിക്കുവാൻ തദ്ദേശ്ശ സ്വയംഭരണ വകുപ്പിനോട് ശുപാർശ ചെയ്യുവാൻ തീരുമാനിച്ചു.
കേരള പഞ്ചായത്ത് രാജ്/കേരള മുൻസിപ്പാലിറ്റി കശാപ്പുശാലകൾ ചട്ടങ്ങൾ പ്രകാരം അനധികൃത അറവുശാലകൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനു തദ്ദേശ്ശ സ്വയംഭരണ വകുപ്പിനോട് ശുപാർശ ചെയ്യുവാൻ തീരുമാനിച്ചു.
സ്ലോട്ടർ ഹൗസുകളിൽ നിന്നുള്ള മാലിന്യങ്ങൾ റെൻഡറിംഗ് പ്ലാന്റുകൾ വഴി സംസ്കരിക്കുന്നതിനുള്ള നടപടികൾ ഊർജ്ജിതപ്പെടുത്തുന്നതിനു തദ്ദേശ്ശ സ്വയംഭരണ വകുപ്പിനോട് ശുപാർശ ചെയ്യുവാൻ തീരുമാനിച്ചു.
നിലവിൽ ജില്ലകളിലെ SPCA കളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് SPCA കളുമായി ബോർഡിന്റെ നേതൃത്വത്തിൽ ഒരു യോഗം വിളിക്കുന്നതിന് തീരുമാനിച്ചു. പ്രവർത്തന രഹിതമായ SPCA കൾ പുനരുജ്ജീവിപ്പിക്കുവാൻ തീരുമാനിച്ചു. SPCA സംബന്ധമായ കോടതികളിൽ നിലനിൽക്കുന്ന കേസുകൾ ഫോളോ അപ്പ് നടത്തുന്നതിനും, പുതിയ ഘടനയിൽ എസ് പി സി എ പുനഃസംഘടിപ്പിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, റവന്യൂ എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ടു തുടർ നടപടികൾ കൈകൊള്ളുന്നതിനും ജില്ലകളിലെ ചീഫ് വെറ്ററിനറി ഓഫീസർമാരെ ചുമതലപെടുത്തുന്നതിന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്കു നിർദേശം നൽകി.
SPCA പുനഃസംഘടനയുമായി ബന്ധപ്പെട്ട് ജില്ലകളിലെ ചീഫ് വെറ്ററിനറി ഓഫീസർമാരുമായി ബന്ധപ്പെട്ട് നടപടികൾ ത്വരിതപ്പെടുത്തുന്നതിന് ജില്ലകളുടെ ചുമതല വഹിക്കുന്ന SAWB മെമ്പർമാരെ ചുമതലപ്പെടുത്തി.
മൃഗങ്ങളുടെ ഗതാഗത ചട്ടങ്ങൾ നടപ്പിലാക്കുന്നതിനും ,സാംക്രമിക രോഗങ്ങൾ ഉൾപ്പടെയുള്ള കന്നുകാലികൾ, കോഴികൾ എന്നിവ ചെക്‌പോസ്റ്റ് വഴി കേരളത്തിൽ പ്രവേശിക്കാതിരിക്കുവാനും ചെക്ക് പോസ്റ്റുുകൾ ശാക്തീകരിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പിന് നിർദേശം നൽകി.
ചെക്ക്പോസ്റ്റുകൾ നിലവിൽ 3 ഷിഫ്റ്റുകളിലായാണ് പ്രവർത്തിക്കുന്നതെങ്കിലും, ആനുപാതികമായ ജീവനക്കാരുടെ അഭാവം നേരിടുന്നുണ്ട്. ആയത് പരിഹരിക്കുന്നതിനുള്ള നടപടികൾക്കായി സർക്കാരിലേക്ക് പ്രൊപ്പോസൽ സമർപ്പിക്കുവാൻ മൃഗസംരക്ഷണ വകുപ്പിന് നിർദേശം നൽകി.
ചെക്ക്പോസ്റ്റിൽ പരിശോധന സമയത്തു നിർത്താതെ പോകുന്ന വാഹനങ്ങളെ പിന്തുടർന്ന് പിടിക്കുന്നതിന് പോലീസ്/ മോട്ടോർ വാഹന വകുപ്പുകളുടെ സഹായം അഭ്യർത്ഥിക്കുവാൻ തീരുമാനിച്ചു.
മൃഗക്ഷേമ ദ്വൈവാരാചാരണത്തിന്റെ സംസ്ഥാനതല പരിപാടികൾ കോട്ടയം ജില്ലയിൽ നടത്തുവാൻ തീരുമാനിച്ചു.
അംഗീകൃത മൃഗക്ഷേമ സംഘടനകളും പെറ്റ്‌ഷോപ്പ് ഉടമകളുമായി ഒരു യോഗം ചേരുന്നതിനു മൃഗസംരക്ഷണ വകുപ്പിന് നിർദേശം നൽകി.
നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ടു ജില്ലകളിൽ തെരഞ്ഞെടുക്കപെട്ട വെറ്റിനറി സർജന്മാർക്കു പരിശീലനം നൽകുന്നതിന് വനം വകുപ്പിനോട് അഭ്യർത്ഥിക്കുവാൻ തീരുമാനിച്ചു.
എലിഫന്റ് സ്ക്വാഡിന്റെ ഫീസ് 3000/- രൂപയായി ഏകീകരിക്കുന്നതിനുള്ള നടപടികൾക്കായി സർക്കാരിനോട് അഭ്യർത്ഥിക്കുവാൻ തീരുമാനിച്ചു.
നാട്ടാന മോണിറ്ററിംഗ് കമ്മിറ്റിയിൽ, ജില്ലയുടെ ചുമതലയുള്ള സ്റ്റേറ്റ് അനിമൽ വെൽഫയർ ബോർഡ് അംഗങ്ങളെ ക്കൂടി ഉൾപ്പെടുത്തുന്നതിന് വനം വകുപ്പിനോട് ശുപാർശ ചെയ്യുവാൻ തീരുമാനിച്ചു.
എലിഫന്റ് സ്‌ക്വാഡിൽ നിയോഗിക്കപ്പെടുന്ന ഡോക്ടർമാർക്ക് ഓണറേറിയവും ഡ്യൂട്ടി ലീവും അനുവദിക്കുന്നതിന് ഉള്ള പ്രൊപ്പോസലുകൾ സർക്കാരിലേക്ക് സമർപ്പിക്കുവാൻ മൃഗസംരക്ഷണ വകുപ്പിന് നിർദേശം നൽകി.