Sustainable models will be developed in milk, egg and meat production.

വിഷൻ 2031-സംസ്ഥാനതല സെമിനാർ

പാൽ, മുട്ട, ഇറച്ചി ഉൽപാദനത്തിൽ സുസ്ഥിരമാതൃക രൂപപ്പെടുത്തും

മൃഗസംരക്ഷണ-ക്ഷീരവികസന മേഖലകളിലെ വെല്ലുവിളികളെ അതിജീവിച്ച് പാൽ, മുട്ട, ഇറച്ചി ഉൽപാദനത്തിൽ സുസ്ഥിരമാതൃക രൂപപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. വിഷൻ 2031 സെമിനാർ പരമ്പരയുടെ ഭാഗമായി മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാനതല സെമിനാർ കടയ്ക്കൽ ഗാഗോ കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പ്രവാസിമലയാളികളെയും സംരംഭകരെയും ആകർഷിക്കാൻ ഡയറി സ്റ്റാർട്ട്അപ് ഗ്രാമങ്ങളും കിടാരിപാർക്കുകളും തുടങ്ങും. അസംഘടിത ഇറച്ചി ഉല്പാദനമേഖല ഉടച്ചുവാർക്കും. ഇറച്ചിക്കോഴികളെ കൂട്ടമായിവളർത്തുന്ന 1,000 ബ്രോയ്ലർ ഗ്രാമങ്ങൾ അടുത്ത വർഷം മുതൽ ആരംഭിക്കും. എല്ലാ ബ്ലോക്കുകളിലും ശാസ്ത്രീയ മാംസവില്പന സ്റ്റാളും ജില്ലകളിൽ അറവുശാലാഉപോല്പന്ന വ്യവസായങ്ങളും സാധ്യമാക്കുന്ന റെൻഡറിംഗ് പ്ലാന്റുകളും സ്ഥാപിക്കും. കാലിപ്രജനനം, മൃഗചികിത്സ, പദ്ധതിആസൂത്രണനിർവഹണം എന്നിവയിൽ നിർമിതബുദ്ധിയുടെ സാധ്യതകൾകൂടി പ്രയോജനപ്പെടുത്തും.

പാൽ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തതയിലേക്ക് മുന്നേറുന്ന കേരളത്തിന് 2031 ഓടെ പാൽ ഉൽപ്പാദനം 70 ലക്ഷം ലിറ്ററിൽ നിന്ന് 95 ലക്ഷമായി വർധിപ്പിക്കുകയും പശുക്കളുടെ ഉൽപ്പാദനക്ഷമത 10.79 ലിറ്ററിൽ നിന്ന് 12 ലിറ്റർ ആക്കുകയുമാണ് ലക്ഷ്യം. ദിനംപ്രതി ആഭ്യന്തര മുട്ട ഉൽപ്പാദനം 60 ലക്ഷത്തിൽ നിന്ന് 84 ലക്ഷമായി ഉയർത്തുകയും മാംസോൽപ്പാദനം 40% വർധിപ്പിക്കുകയും ചെയ്ത് മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുകയും വേണം. ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലൂടെ കർഷകരുടെയും സംരംഭകരുടെയും വരുമാനം ഇരട്ടിയാക്കുകയാണ് വിഷൻ 2031 വിഭാവനംചെയ്യുന്നത് എന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ലോകവിപണിയിലേക്ക് വാണിജ്യാടിസ്ഥാനത്തിൽ പാലും ഇറച്ചിയും കയറ്റുമതിചെയ്യുന്ന സംസ്ഥാനമായി കേരളത്തെ മാറ്റണമെന്ന് ചടങ്ങിൽ അധ്യക്ഷനായ ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ. പാൽ, മാംസം എന്നിവയുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ഒട്ടേറെ പദ്ധതികളാണ് നടപ്പാക്കി വരുന്നത്. എട്ട് ലക്ഷം കുടുംബങ്ങളാണ് പശുവളർത്തലിൽ ഏർപ്പെട്ടിരിക്കുന്നത്. 3,600 ക്ഷീരസംഘങ്ങളുണ്ട്. 2021-2022 മുതൽ 2023-24 വരെയുള്ള മൃഗസംരക്ഷണ, ക്ഷീരമേഖലയുടെ വികസനത്തിനായി 439 കോടി രൂപയാണ് മാറ്റിവച്ചത്. തദ്ദേശസ്ഥാപനങ്ങൾ വഴി 348 കോടി രൂപയും മാറ്റിവച്ചു. സാങ്കേതികവിദ്യ വികസിപ്പിച്ച് കൂടുതൽ മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമിക്കേണ്ടതുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ കൂടി ഭക്ഷ്യനിർമാണമേഖലയുമായി ബന്ധപ്പെട്ട് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.

പാലുല്പാദനരംഗം, മുട്ട-മാംസ ഉല്പാദനരംഗം എന്നിങ്ങനെ രണ്ടു വിഷയങ്ങളിലായി സെമിനാറുകൾ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി മിൻഹാജ് ആലം പത്തുവർഷത്തെ ഭരണനേട്ടങ്ങൾ വിശദീകരിച്ചു.