Government's goal is a food-secure Kerala

ഭക്ഷ്യഭദ്രതയുള്ള കേരളം സർക്കാരിന്റെ ലക്ഷ്യം

പാൽ ,മുട്ട മാംസം എന്നിവയിൽ കേരളത്തെ സമൃദ്ധമാക്കുന്ന തീവ്രയത്ന പരിപാടികൾ സർക്കാർ ആവിഷ്കരിച്ചു കഴിഞ്ഞുവെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. വിഷൻ 2031 സംസ്ഥാനതല മൃഗസംരക്ഷണ- ക്ഷീരവികസന സെമിനാർ കടയ്ക്കൽ ഗാഗോ കൺവൻഷൻ സെൻ്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പ്രവാസി മലയാളികളെയും സംരംഭകരെയും ആകർഷിക്കുവാൻ ഡയറി സ്റ്റാർട്ട് അപ് ഗ്രാമങ്ങളും കിടാരി പാർക്കുകളും തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. പ്രതിദിന ഉപയോഗത്തിൽ സംസ്ഥാനത്ത് 19 ലക്ഷം ലിറ്റർ പാലിൻ്റെ കുറവുണ്ട്, നിലവിലുള്ള പശുക്കളുടെ ജനിതകമേന്മ ഉയർത്തിയും വർഷംതോറും പിറന്നു വീഴുന്ന ഒരു ലക്ഷം പശുക്കിടാങ്ങളെ സംരക്ഷിച്ചും പാൽസ്വയം പര്യാപ്തത നേടാൻ കഴിയും. അസംഘടിത ഇറച്ചി ഉല്പാദന മേഖല ഉടച്ചുവാർക്കുമെന്നും ഇറച്ചിക്കോഴികളെ കൂട്ടമായ് വളർത്തുന്ന ആയിരം ബ്രോയ്ലർ ഗ്രാമങ്ങൾ അടുത്ത വർഷം മുതൽ ആരഭിക്കും.

എല്ലാ ബ്ളോക്കുകളിലും ശാസ്ത്രീയ മാംസവില്പന സ്റ്റാളും ജില്ലകളിൽ അറവുശാലാ ഉപോല്പന്ന വ്യവസായങ്ങൾ സാധ്യമാക്കുന്ന റെൻഡറിംഗ് പ്ലാൻ്റുകളും സ്ഥാപിക്കും. കാലി പ്രജനനം, മൃഗ ചികിത്സ, പദ്ധതി ആസൂത്രണ നിർവ്വഹണം എന്നിവയിൽ നിർമ്മിത ബുദ്ധിയുടെ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കർഷകരുടെയും വിദഗ്ധരുടേയും കൂട്ടായ ചർച്ചകളിലൂടെ വികസിക്കുന്ന ഭാവനാപൂർണ്ണമായ പദ്ധതികൾ പ്രതിബദ്ധതയോടെ നടപ്പാക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. പാലുല്പാദനരംഗം, മുട്ട – മാംസ ഉല്പാദനരംഗം എന്നിങ്ങനെ രണ്ടു വിഷയ മേഖലകളിലായാണ് സെമിനാറുകൾ സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ സെക്രട്ടറി മിൻ ഹാജ് ആലം IAS പത്തുവർഷത്തെ ഭരണനേട്ടങ്ങൾ വിശദീകരിച്ചു.