Sterilization of dogs: Center will be asked to amend ABC rules

തെരുവുനായ നിയന്ത്രണത്തിന് വളർത്തു നായ്ക്കൾക്കു ലൈസൻസും പെറ്റ് ഷോപ്പ്, നായപരിപാലന ചട്ടങ്ങൾ നിർബന്ധമാക്കും

സംസ്ഥാനത്തു നിലവിൽ റിപ്പോർട്ട്‌ ചെയ്യുന്ന തെരുവ്നായ അക്രമണങ്ങൾക്ക് അറുതി വരുത്താൻ കേന്ദ്ര എബിസി ചട്ടങ്ങളിൽ മാറ്റം വരുത്താൻ കേന്ദ്രത്തോട് ആവശ്യപ്പെടും. നിലവിലുള്ള കേന്ദ്ര എബിസി ചട്ടപ്രകാരം എബിസി സെന്ററിൽ നിയമിക്കപ്പെടുന്ന ഒരു വെറ്ററിനറി സർജൻ 2000 നായ്ക്കളെയെങ്കിലും വന്ധ്യംകരണം ചെയതിരിക്കണം, സമ്പൂർണ എയർ കണ്ടീഷൻ ചെയ്തിരിക്കണം തുടങ്ങിയ നിർദേശങ്ങൾ നടപ്പിലാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് ഉണ്ട്. അതു കൊണ്ട് അത്തരം ചട്ടങ്ങളിൽ ഇളവ് അനുവദിച്ചാലേ എബിസി പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആകൂവെന്നും മന്ത്രി പറഞ്ഞു . കൂടാതെ സംസ്ഥാനത്തു വളർത്തുനായ്ക്കൾക്ക് ലൈസൻസ് നിർബന്ധമാക്കും. അതോടൊപ്പം പെറ്റ് ഷോപ് ചട്ടങ്ങളും നായപരിപാലന ചട്ടങ്ങളും കരശനമാക്കാൻ നിർദേശം നൽകി.

സംസ്ഥാനത്തു തെരുവുനായ പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാന മൃഗക്ഷേമ ബോർഡിന്റെ മൂന്നാമത് തീരുമാനങ്ങൾ വിശദീകരിച്ചു.
2022 സെപ്റ്റംബർ മുതൽ തെരുവുനായ്ക്കളിൽ ഇത് വരെ 33363 തെരുവ് നായ്ക്കൾക്കു പേവിഷ പ്രതിരോധ വാക്‌സിനേഷൻ നൽകിയിട്ടുണ്ട്. ഇക്കാലയളവിൽ 4 .7 ലക്ഷം വളർത്തു നായ്ക്കൾക്കും പ്രതിരോധ കുത്തിവെപ്പ് നൽകി. ഇത് കൂടാതെ 2022 ഏപ്രിൽ മുതൽ 2023 മെയ് വരെയുള്ള കാലയളവിൽ 18, 852 തെരുവ് നായ്ക്കളിൽ എബിസി പദ്ധതി നടപ്പിലാക്കിക്കഴിഞ്ഞു.

യോഗത്തിൽ കൈകൊണ്ട മറ്റു തീരുമാനങ്ങൾ

1. കേന്ദ്രസർക്കാർ കൊണ്ടുവന്ന എബിസി ചട്ടങ്ങൾ- 2023 നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന പ്രായോഗികമായ നിരവധി തടസ്സങ്ങൾ യോഗം ചർച്ച ചെയ്യുകയും അതിൽ ആവശ്യമായ മാറ്റം വരുത്താൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുവാനും തീരുമാനിച്ചു.

2. എബിസി ചട്ടങ്ങൾ സംസ്ഥാനത്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന അംഗീകൃത മൃഗ ക്ഷേമ സംഘടനകളുടെ യോഗം ജൂലൈ 11 ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിളിച്ചു ചേർക്കുവാൻ തീരുമാനിച്ചു.

3. എബിസി കേന്ദ്രങ്ങൾ ഇല്ലാത്ത ജില്ലകളിൽ ജില്ലാതല ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്ഥലം കണ്ടെത്തുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പിനോട് ആവശ്യപ്പെടുവാൻ തീരുമാനിച്ചു.

4. മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയ 170 ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് തെരുവുനായ്ക്കളുടെ വാക്സിനേഷൻ ഊർജിതമായി നടപ്പിലാക്കുവാൻ ആവശ്യമായ ക്രമീകരണം ചെയ്യുവാൻ മൃഗസംരക്ഷണ വകുപ്പിനോടും തദ്ദേശസ്വയം വകുപ്പിനോടും ആവശ്യപ്പെടുവാൻ തീരുമാനിച്ചു.

5. പുതുക്കിയ എബിസി ചട്ടങ്ങൾ പ്രകാരം സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും എബിസി നിർവഹണ നിരീക്ഷണ സമിതികൾ രൂപീകരിക്കുവാനും അക്രമകാരികളായ നായകളെ പിടികൂടി മാറ്റി പാർപ്പിക്കുന്നതിന് ജില്ലാതലത്തിൽ അനിമൽ ഷെൽട്ടറുകൾ സ്ഥാപിക്കുന്നതിനു ആവശ്യപ്പെടുവാനും തീരുമാനിച്ചു.

6. എല്ലാ ജില്ലകളിലെയും SPCA പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ജില്ലാ കളക്ടർമാരോട് ആവശ്യപ്പെടുവാൻ തീരുമാനിച്ചു.നിലവിൽ SPCA രൂപീകരിച്ചിട്ടില്ലാത്ത ഇടുക്കി ,കോട്ടയം, മലപ്പുറം, എറണാകുളം കാസർഗോഡ് എന്നീ ജില്ലകളിൽ അടിയന്തിരമായി SPCA രൂപീകരിക്കുന്നതിന് ഉള്ള നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകുവാൻ തീരുമാനിച്ചു.

7. സംസ്ഥാനത്ത് 2023 നവംബർ മാസം മുതൽ പെറ്റ് ഷോപ്പ് റൂൾ &ഡോഗ് ബ്രീഡിങ് റൂൾ എന്നിവർ നടപ്പാക്കുന്നതിന് തീരുമാനിച്ചു.അതിനായി ബോർഡ് കൺവീനറുടെ പേരിൽ ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിനും വ്യാപകമായ രീതിയിൽ ബോധവൽക്കരണം നടത്തുന്നതിനും തീരുമാനിച്ചു.പ്രസ്തുത ചട്ടങ്ങൾ നടപ്പിലാക്കുന്നതിന് ആവശ്യമായ തയ്യാറാക്കിയ പ്രൊഫോമ അംഗീകരിക്കുകയും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുവാനും തീരുമാനിച്ചു.

8. നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട് എലിഫൻറ് സ്ക്വാഡുകൾ ജില്ലകളിൽ രൂപീകരിക്കുന്നതിന് വനം വകുപ്പ് മായി ചേർന്ന് വെറ്ററിനറി ഡോക്ടർമാർക്ക് പരിശീലനം നൽകുന്നതിന് ഈ യോഗം ശുപാർശ ചെയ്തു.

9. 2023 -2024 വർഷത്തിൽ എല്ലാ ജില്ലകളിലും മൃഗക്ഷേമ അവാർഡുകളും സെമിനാറുകളും നടത്തുന്നതിന് തീരുമാനിച്ചു. സംസ്ഥാനതലത്തിൽ മൃഗക്ഷേമ ദ്വൈവാരാചരണത്തിന്റെ സമാപന സമ്മേളനം ജനുവരി മാസത്തിൽ എറണാകുളം ജില്ലയിൽ വച്ച് നടത്തുവാൻ തീരുമാനിച്ചു.

10. സംസ്ഥാന ജന്തുക്ഷേമ ബോർഡിന്റെ അംഗീകാരമോ അറിവോ കൂടാതെ സംസ്ഥാനത്ത് ചില സംഘടനകളും വ്യക്തികളും നിയമം നടപ്പാക്കാൻ എന്ന വ്യാജേന അധികാര കേന്ദ്രങ്ങളിൽ ഇടപെടൽ നടത്തുന്നതായി മനസ്സിലാക്കുന്നു.ഇത്തരം പ്രവൃത്തികൾ യാതൊരു കാരണവശാലും പ്രോത്സാഹിപ്പിക്കുവാൻ പാടില്ല.ഇത്തരത്തിലുള്ള പരാതികൾ ഉണ്ടായാൽ സംസ്ഥാന മൃഗക്ഷേമ ബോർഡ് ഇവർക്കെതിരെ കർശനമായ നടപടികൾ കൈക്കൊള്ളുന്നതാണ്.മൃഗങ്ങളോടുള്ള ക്രൂരത സംബന്ധിച്ചുള്ള വിഷയങ്ങളിൽ ജന്തു ക്ഷേമ ബോർഡിനാണ് പരാതി നൽകേണ്ടത്.

11. വളർത്തു നായ്ക്കൾക്ക് ലൈസൻസ് /നിർബന്ധിത പേവിഷപ്രതിരോധ കുത്തിവെപ്പ് എന്നിവ നടപ്പിലാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു.