കാലവർഷക്കെടുതി-മൃഗസംരക്ഷണ വകുപ്പ് മുൻകരുതൽ നടപടികൾ സ്വീകരിച്ചു

കാലവർഷക്കെടുതിയിൽ മൃഗസംരക്ഷണ ക്ഷീര വികസന മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർക്ക് ഉണ്ടായ നാശനഷ്ടങ്ങൾ കണക്കാക്കി ആവശ്യമായ സഹായങ്ങൾ നൽകുവാൻ നടപടികൾ സ്വീകരിച്ചു. കാലവർഷം ശക്തി പ്രാപിച്ച സാഹചര്യത്തിൽ വകുപ്പ് ഡയറക്ടർമാർക്ക് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ ജില്ലകളിലും ചീഫ് വെറ്ററിനറി ഓഫീസർമാരുടെ നേതൃത്വത്തിൽ കൺട്രോൾ റൂമുകളും, എല്ലാ ജില്ലകളിലും താലൂക്ക് തലത്തിലും ദ്രുത കർമ്മ സേന പ്രവർത്തനമാരംഭിക്കുകയും ചെയ്തിരുന്നു. പ്രകൃതിക്ഷോഭ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി സുരക്ഷിതസ്ഥാനങ്ങളിലേക്ക് മൃഗങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ 40 മൃഗസംരക്ഷണ ക്യാമ്പുകളിലായി 574 മൃഗങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇവയ്ക്ക് ആവശ്യമായ ചികിത്സ, തീറ്റ എന്നിവയും നൽകിവരുന്നു. ഇതിനോടകം 42.85 ലക്ഷം രൂപയുടെ നഷ്ടം കഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. കർഷകർക്കുണ്ടായ നഷ്ടത്തിന് പരിഹാരം തുക ഉടൻ ലഭ്യമാക്കുവാൻ ദുരന്ത നിവാരണ വകുപ്പിലേക്ക് പ്രൊപ്പോസൽ സമർപ്പിച്ചു.